ഭാര്യയെ തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിന്റെ പല്ല് ഇടിച്ചുതെറിപ്പിച്ചു ഭര്‍ത്താവിനെതിരെ കേസ്

Breaking Crime News

തിരുവനന്തപുരം: ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിന്റെ പല്ല് ഇടിച്ചുതെറിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്. തിരുവനന്തപുരം പെരിങ്ങമലയില്‍ ഇന്നലെയായിരുന്നു സംഭവം. വെങ്ങാനൂര്‍ താമസിക്കുന്ന യുവാക്കളുടെ പരാതിയില്‍ പുന്നമൂട് താമസിക്കുന്ന ഗിരീഷിനെതിരെ ബാലരാമപുരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പെരിങ്ങമലയിലെ ബേക്കറിയില്‍ കേക്കുവാങ്ങാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാറും സുഹൃത്ത് അഖിലും. കേക്കുവാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഭാര്യയെ തുറിച്ചുനോക്കി എന്നാരോപിച്ച് ഗിരീഷ് കൃഷ്ണകുമാറിനെ മര്‍ദ്ദിച്ചു. തടയാനെത്തിയ കൂട്ടുകാരന്‍ അഖിലിനും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ കൃഷ്ണകുമാറിന്റെ രണ്ട് പല്ല് കൊഴിഞ്ഞു. അഖിലിന്റെ ചെവിക്ക് പരിക്കേറ്റു, ചെവിയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്.
തന്റെകൂടെയുള്ളത് കാമുകിയല്ലെന്നും തന്റെ ഭാര്യയാണെന്നും എന്തിനാണ് തുറിച്ച് നോക്കിയതെന്നും ചോദിച്ചാണ് ഗിരീഷ് തന്നെ മര്‍ദ്ദിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ആക്രമിച്ചയാളെ മുന്‍പരിചയമില്ലെന്നും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നും യുവാക്കള്‍ പറയുന്നു. പ്രശ്‌നംവഷളായതോടെ നാട്ടുകാരാണ് സ്ഥലത്തേക്ക് പോലീസിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ തന്റെ ഭാര്യയോട് യുവാക്കള്‍ ബേക്കറിക്കടക്കുള്ളില്‍വെച്ച് മോശമായി പെരുമാറിയെന്നും ഇത്് താന്‍ അത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും ഗിരീഷ് പറഞ്ഞു. സംഭവത്തില്‍ ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബാലരാമപുരം പോലീസ് പറഞ്ഞു.