കോൺഗ്രസ് എങ്ങനെയാണ് ഇന്ത്യയിൽ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?എം എ ബേബി

Breaking News

എഐസിസി ജനറൽ സെക്രട്ടറി ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ തലവനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ്. പശ്ചിമ ബംഗാളിൻറെ ചുമതല ആയിരുന്നു. 2008 മുതൽ 2012 വരെ മൻമോഹൻ സിംഗ് സർക്കാരിൽ വിവിധ വകുപ്പുകളുടെ സഹമന്ത്രി ആയിരുന്നു. അന്നത്തെ മന്ത്രി സഭയിൽ ഏറ്റവും ചെറുപ്പക്കാരനായിരുന്ന ഇദ്ദേഹം രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ ആയാണ് അറിയപ്പെടുന്നത്. അടുത്ത വർഷം ആദ്യം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് ആളെപ്പിടിക്കാൻ ബിജെപി തുടങ്ങി എന്നർത്ഥം. വ്യക്തികളുടെ പ്രശ്നം അല്ല ഇത്. കോൺഗ്രസിന്റെ രാഷ്ട്രീയത്തിന്റെ പരിമിതിയാണ്. നിങ്ങൾക്ക് ബിജെപിയിൽ നിന്ന് ആകെ ഉള്ള വ്യത്യാസം വർഗീയ പാർട്ടി അല്ല എന്നത് മാത്രമാണ്. ബിജെപിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് നിങ്ങൾക്ക് എതിർപ്പില്ല. അതുകൊണ്ട് മാത്രം കോൺഗ്രസിൽ വരുന്ന ഫ്യൂഡൽ രാഷ്ട്രീയം ഉള്ളവർ ബിജെപിയിലേക്ക് പോവുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമാണ്.

സി പിഐ എം നേതൃത്വത്തിൽ ഇടതുപക്ഷം സുശക്തമായി നിലകൊള്ളുന്നതുകൊണ്ടുമാത്രം മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോൺഗ്രസ്സ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാൻ കേരളത്തിൽ ബി ജെ പി ക്ക് കഴിഞ്ഞിട്ടില്ല എന്നതു മറക്കുന്നില്ല. എന്നിരുന്നാലും പുതിയ ഉന്നതചുമതലകൾ കൈവശപ്പെടുത്തിയ ഒരു കോൺഗ്രസ്സ് നേതാവ് ആത്മഗതമായോ ഭീഷണിയായോ പറഞ്ഞ വാക്കുകൾ ദൃശ്യമാദ്ധ്യമങ്ങളുടെ പക്കൽ ഇപ്പോഴും ഉണ്ടാവും. “പലപ്രമുഖ ബിജെപിനേതാക്കളും എന്നെ ബന്ധപ്പെടുകയും കാണുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആ പാർട്ടിയിൽ ചേരണമെന്നു തോന്നുകയും ഞാൻ ചേരുകയും ചെയ്താൽ നിങ്ങൾക്കെന്താ പ്രശ്നം? ” ഇന്ന് ആ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്, “എനിക്ക് ബിജെപിയിൽ ചേരാൻ അഴീക്കോടൻ രാഘവൻ മന്ദിരത്തിൽ നിന്നുള്ള എൻ ഒ സി വേണ്ട.” അതായത്, ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ എപ്പോൾ വേണമെങ്കിലും ചേരും, സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അനുമതി വേണ്ട എന്ന്.

ഈ മനോഭാവവും ചിന്താരീതിയും ഇന്നുള്ള കോൺഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്നം. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം ബിജെപിയും കോൺഗ്രസ്സും അവരുടെ കൂട്ടാളികളും എൽ ഡി എഫ് സർക്കാരിനെതിരേ ഒരേ സ്വരത്തിൽ അപവാദ പ്രചാരണവും സമരാഭാസങ്ങളും സംഘടിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ സ്വാഭാവികമായി ഉയരുന്ന ഒരുചോദ്യമുണ്ട്-ഈ കോൺഗ്രസ് എങ്ങനെയാണ് ഇന്ത്യയിൽ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?