ഫ്രീഫയര്‍ ഗെയ്മിലൂടെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍കൂടിപൊലിയുമ്പോള്‍

Writers Blog

സ്വാലിഹ് കുഴിഞ്ഞൊളം

ഫ്രീഫയര്‍ഗെയ്മിന് അടിമയായി കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൂടി ജീവന്‍ പൊലിഞ്ഞിരിക്കുന്നു. അനുഭവ തീക്ഷ്ണമായ യൗവനം നിര്‍ജീവമായി പോകുന്ന വേദനിപ്പുന്ന കാഴ്ചയാണ് ദൈനം ദിനം മലയാളി കേള്‍ക്കേണ്ടി വരുന്നത്. വിരസമായ ജീവിതത്തിന്റെ വിരസത മാറ്റാന്‍ കായിക വിനോദങ്ങളും സിനിമയും കോമഡിയും പരീക്ഷിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ പുതു തലമുറയിലെ ചെറിയൊരു ന്യൂനപക്ഷമെങ്കിലും ത്രില്ലിങ് ഗെയ്മുകളിലൂടെയും ആനന്ദം കണ്ടെത്താറുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്.

ഇത്തരം ആസ്വാദനങ്ങളെ പൂര്‍ണമായി തടയാനോ, വിലക്കാനോ ഒരാളും ആളല്ല താനും. മലയാളിയുടെ പൊതുയിടങ്ങളായ കുളിയിടം, അങ്ങാടി, നാല്‍കവല, കുളം എന്നിവിടങ്ങളില്‍നിന്നും ഡിജിറ്റര്‍ സാമൂഹിക മാധ്യമങ്ങളിലേക്ക് ചേക്കേറിയ കൂട്ടത്തില്‍ കളിയും കായിക രൂപങ്ങളും കൂടിയുണ്ടായിരുന്നു. വളരെ സജീവമായ കാല്‍പന്തു മൈതാനം പതിയെ നിശബ്ദമായി തീരുന്നതും പെസ്സും ഫിഫയും ആവേശമാവുകയും ചെയ്തത് ഈ പരിണാമ ഘട്ടത്തിലാണ്.

കള്ളനും പോലീസും കളിക്കുന്ന നാട്ടുകൂട്ടം പതിയെ സബ്ബെ സര്‍ഫില്‍ ഫീറോയിസം കാട്ടി. ഇങ്ങനെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഗെയിമുകളില്‍ ആനന്ദവും ലഹരിയും കണ്ടെത്തുന്നവരായി.
എന്നാല്‍, ഈ ആനന്ദത്തെ നിയന്ത്രിക്കാനും സമയോചിതം ക്രമപ്പെടുത്താനും പഠിക്കാന്‍ മലയാളി മറന്നു പോയി എന്നതാണ് വസ്തുത. ഗെയ്മുകളില്‍ മുഴുകിയ പലര്‍ക്കും അതൊരു ലഹരിയായി. കളിക്കാന്‍ നെറ്റ് കണക്ഷനുള്ള മൊബൈലും ടാബും കിട്ടിയില്ലെങ്കില്‍ ഉത്കണ്ഠരായി പ്രതികരിക്കുന്നവരും വൈകാതെ കേരളീയ വീട്ടകങ്ങളില്‍ സജീവമായി. വീട്ടില്‍ സ്വസ്ഥമായിരുന്ന് കളിക്കാന്‍ കഴിയാത്തവരില്‍ വലിയൊരു ശതമാനം പേരും കഫേകളില്‍ നിത്യ സന്ദര്‍ശകരായി.

നാട്ടിലും നഗരത്തിലും കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഗെയ്മിംഗ് കഫേകളില്‍ പകലന്തിയോളം പുതുതലമുറ നിലയുറപ്പിച്ചു. സമാന്തരമായി നാട്ടകളങ്ങളിലും വളരുന്ന ഗെയ്മിംഗ് ഭ്രാന്ത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴി തുറന്നു. ജയിക്കണമെന്ന മനുഷ്യസഹജമായ വാശിയെ ചൂഷണം ചെയ്ത് വന്‍കിട ഗെയ്മുകള്‍ രംഗത്ത് വന്നതോടെ ഉണ്ടായ വിപത്ത് ചെറുതൊന്നുമല്ല.

ഇതാദ്യമായൊന്നുമല്ല മലയാളി നാണം കെടുന്നത്. ബ്ലൂവെയ്ല്‍ ഗൈമ് ജ്വരം കേരളത്തെ വിട്ടൊഴിഞ്ഞിട്ട് അധികം വര്‍ഷങ്ങളൊന്നുമായിട്ടില്ല. ആത്മഹത്യയും കൊലപാകവും ഹരമായി മാറ്റുന്ന പല ഗൈയ്മുകള്‍ക്കും ഇന്നും കേരളത്തില്‍ നല്ല ആസ്വാദകരും കളിക്കാരുമുണ്ട്. ശക്കമായ നിയന്ത്രണവും ശരിയായ ഗുണകാക്ഷയും കൂടിചേര്‍ന്നാലേ പ്രസ്തുത പ്രശ്‌നത്തിന് പരിഹാരമാകു. രക്ഷിതാക്കളും സമൂഹവും പുതുതലമുറക്കൊപ്പം നിന്ന് തിരുത്തല്‍ യജ്ഞത്തിന് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൗണ്‍സിലിംഗും മാനസിക ചികിത്സയും ത്വരിതപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടി ശ്രദ്ധിക്കണം