പോക്‌സോ : 63കാരന് പത്തു വര്‍ഷം തടവും പിഴയും

Crime Local News

മഞ്ചേരി : ഒമ്പതു വയസ്സുകാരിക്ക് മാനഹാനി വരുത്തിയ അറുപത്തിമൂന്നുകാരനെ മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം തടവിനും 21000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചേങ്ങോട്ടൂര്‍ മുണ്ടിയാന്തറ കാട്ടികുളങ്ങര വീട്ടില്‍ ഉമ്മറിനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 മാര്‍ച്ച് 24ന് ഉച്ചക്ക് രണ്ടരക്കാണ് കേസിന്നാസ്പദമായ സംഭവം. അയല്‍വാസിയായ ബാലികയെ പ്രതിയുടെ വീടിന്റെ അടുക്കളയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോട്ടക്കല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എ എസ്‌ ഐ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം വീതം തടവ് 10000 രൂപ വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരുവകുപ്പുകളിലും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ കുട്ടിയെ തടഞ്ഞു വെച്ചതിന് 1000 രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി