ദുബൈയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശി മരിച്ചു

Breaking News

മലപ്പുറം : ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചുണ്ടായ അപകടത്തിൽ തിരൂർ പറവണ്ണ മുറിവഴിക്കൽ പറന്നൂർ പറമ്പിൽ യാക്കൂബ് മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി മലയാളികൾക്ക് പരിക്കുണ്ട്.
കഴിഞ്ഞ ദിവസം അർധരാത്രി ദുബൈ കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് അപകടമുണ്ടായത്.12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായതിന് പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയും ഗുരുതര പരുക്കുകളോടെ ദുബൈ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്ലർ താമസക്കാരായിരുന്നു.
റാഷിദ് ആശുപത്രിയിൽ അഞ്ച് പേരും എൻ.എം. സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാർക്കും പരിക്കേറ്റതായി വിവരമുണ്ട്. സംഭവത്തിൽ പരുക്കേറ്റ മിക്കവരും മലയാളികളാണ്.