മലപ്പുറത്ത് മധുരം വിതരണം ചെയ്തുംകരിമരുന്ന് പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ ആഘോഷം

Keralam News Politics

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രകടനം നടത്തി. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം കുന്നുമ്മല്‍ ജങ്ഷനില്‍ സമാപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്തൊടി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ് പ്രസംഗിച്ചു. പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും കരിമരുന്ന് പ്രയോഗം നടത്തിയും ആഹ്ലാദം പ്രകടിപ്പിച്ചു. അതേ സമയം രാജ്യത്ത് ന്യായം സംരക്ഷിക്കാന്‍ നീതിപീഠമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതര മൂവ്‌മെന്റിനെ നയിക്കാന്‍ രാഹുല്‍ഗാന്ധി മുന്നിലുണ്ടാവുമെന്നത് കൂടുതല്‍ ഊര്‍ജ്ജം പകരും. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയുമടക്കം നിശിതമായി വിമര്‍ശിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ പാര്‍ലെമെന്റില്‍ നിന്നും പുറത്താക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നും കൈയ്യിലില്ലാതെ ഭരണം 10വര്‍ഷം ഭരണം തികയ്ക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ എല്ലായിടത്തും വര്‍ഗീയത വ്യാപിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും വര്‍ഗീയത വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ഭീതി ജനങ്ങള്‍ക്കുണ്ട്. ഇതിനെതിരെ മതേതര മുന്നണി വളരെ ശക്തമായാണ് നീങ്ങുന്നത്.താനൂര്‍ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്ന രേഖകളും പരിശോധിക്കപ്പെടണമെന്നും മര്‍ദനമുണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഗൗരവമായി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു