കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

Crime Keralam Local News

മലപ്പുറം :കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.ഇന്ന് രാവിലെ തങ്ങൾക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ വിമാനങ്ങളിൽ നിന്നും യാത്രക്കാർ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയിലുള്ള ഒരു തൂണിനു പിന്നിൽ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്ന ദീർഘ ചതുരാകൃതിയിലുള്ള സ്വർണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു . വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വർണം ഈ പാക്കറ്റുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ഇങ്ങനെ സ്വർണം കള്ളക്കടത്തു നടത്തുവാൻ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന്വേഷണം തുടരുകയാണ്.