രാജ്യാന്തര നിലവാരമുള്ള ആദ്യ റെയിൽവേ സ്റ്റേഷൻ ഗുജറാത്തിൽ

India News

ലോക നിലവാരമുള്ള ആദ്യ റെയിൽവേ സ്റ്റേഷൻ ഇനി ഗുജറാത്തിനു സ്വന്തം. റെയിൽവേ സ്റ്റേഷനും മുകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും. ഈ വരുന്ന 16 ന് പ്രധാനമന്ത്രി ഇത് നാടിനു സമർപ്പിക്കുന്നതായിരിക്കും. ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണ് മുഖം മിനുക്കി രാജ്യാന്തര നിലവാരത്തിലേക്കെത്തിയിരിക്കുന്നത്.

ഇതിന്റെ നിർമാണ ചെലവ് 790 കോടിയാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽ 318 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഹോട്ടലിന്റെ ലക്ഷ്യം സമ്മേളനങ്ങൾക്കും മറ്റുമായി റെയിൽവേ സ്റ്റേഷനടുത്തുള്ള മഹാത്മ മന്ദിർ കൺവൻഷൻ സെന്ററിൽ വരുന്ന ആളുകളെയാണ്. ഈ ഹോട്ടൽ ലീല ഗ്രൂപ്പിന്റെയാണ്. ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി മൂന്ന് ടവറുകളും നിർമിച്ചിട്ടുണ്ട്‌. പതിനൊന്നു നിലകളുള്ള രണ്ടു ടവറുകളും ഒമ്പത് നിലകളുള്ള ഒരു ടവറുമാണ് ഉള്ളത്.

ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ലോക നിലവാരത്തിലേക്കുള്ള ഈ സ്റ്റേഷന്റെ പദ്ധതി നടപ്പിലാക്കിയത്.