വീട്ടില്‍ കമ്പനികളുടെ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന എത്തും. പട്ടാപകല്‍ മോഷണ പരമ്പര നടത്തിയ മാടന്‍ ജിത്തു പിടിയില്‍

Local News

മലപ്പുറം: തേഞ്ഞിപ്പാലം യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്‌സിറ്റി സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. 2022 ഡിസംബര്‍ മാസം മുതല്‍ തുടര്‍ച്ചയായി കവര്‍ച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകള്‍ ഇല്ലാഞ്ഞ വീടുകളില്‍ പകല്‍ സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടില്‍ നിന്ന് ആളുകള്‍ പുറത്തു പോകുന്ന സമയം വീട്ടില്‍ കമ്പനികളുടെ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന എത്തുന്ന ഇയാള്‍ വീടുകളുടെ ബെല്ലടിക്കുകയും ആളില്ലന്ന് ഉറപ്പാക്കിയ ശേഷം വീട്ടുകാര്‍ വീടിന്റെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി കവര്‍ച്ച നടത്തുന്നതും ചാവി കിട്ടാത്ത സ്ഥലങ്ങളില്‍ പൂട്ടുകള്‍ അവിടെ നിന്നും കിട്ടുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

തേഞ്ഞിപ്പാലം പരിധിയില്‍ തുടര്‍ച്ചയായി കവര്‍ച്ചകള്‍ വര്‍ധിച്ചതോടെ പരിസരവാസികള്‍ ജില്ലാ പോലസ് മേധാവിക്ക് പരാതി നല്‍കിയതോടെ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രധാന റോഡുകളില്‍ നിന്നും ഉള്ളിലോട്ട് ചെറിയ റോഡുകളില്‍ സഞ്ചരിച്ചായിരുന്നു കവര്‍ച്ച. ഇത്തരം പ്രദേശങ്ങളില്‍ സി.സി.ടി.വി ഇല്ലാത്തതും മോഷ്ടാവിനെ പെട്ടന്ന് പിടികൂടുന്നത് പ്രതികൂലമായി.തുടര്‍ന്ന് പ്രത്യക അന്വേഷണ സംഘം പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും , പ്രദേശത്തെ നിരവധിയാളുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിലുമാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം, കൊണ്ടോട്ടി , വാഴക്കാട് , പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ നടന്ന നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പായി. ഇയാളില്‍ നിന്നും 2 ദിവസം മുന്‍പ് തേഞ്ഞിപ്പാലം ഭാഗത്ത് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും, കവര്‍ച്ച മുതലുകള്‍ വില്പന നടത്തി കിട്ടിയ 6 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിന് ഉപയോഗിക്കുന്ന വാഹനവും കണ്ടെടുത്തു. ഇതില്‍ നിന്നും പൂട്ടുകള്‍ തകര്‍ക്കുന്നതിന് ഉപയോഗിച്ച ചുറ്റികയും, ആക്‌സോ ബ്ലൈഡുകളും കണ്ടെത്തിയിട്ടുണ്ട്. മോഷണ മുതലുകള്‍ വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ഇയാള്‍ ആര്‍ഭാട ജീവിതമാണ് നയിച്ചു വന്നിരുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങിയതായും വിവിധ ബിസിനസുകള്‍ നടത്താന്‍ പണം ലക്ഷങ്ങള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മൊത്തം 85 പവനോളം സ്വര്‍ണ്ണാഭരണങ്ങളും , 2 ലക്ഷത്തോളം രൂപയും ഇതുവരെ കവര്‍ച്ച നടത്തിയതായാണ് വിവരം. ഇയാളുടെ പേരില്‍ കോഴിക്കോട് നല്ലളം സ്റ്റേഷനില്‍ നാലോളം ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും ഇയാളെ കസ്റ്റഡിയില്‍ വാക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനുു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പാലം ഇന്‍സ്പക്ടര്‍ പ്രതീപ് , എസ്.ഐ വിപിന്‍ വി. പിള്ള, ഡന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ് , സുബ്രഹ്മണ്യന്‍, സബീഷ് എന്നിവര്‍ക്ക് പുറമെ മുസ്തഫ, എ.എസ്.ഐ കൃഷ്ണദാസ്, എ.എസ്.ഐ രവീന്ദ്രന്‍ , സ്മിത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.