40അടി താഴ്ച്ചയുള്ള കിണറ്റില്‍വീണ മകളെ രക്ഷിക്കാന്‍പിന്നാലെ ചാടി അമ്മയും

Local News

മലപ്പുറം: 40അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ പിറകെ ചാടി അമ്മയും. അഞ്ചടി വെള്ളവുമുള്ള കിണറ്റില്‍ ജീവനോടുമല്ലിട്ട് അവശനിലയിലായ അമ്മക്കും മകൾക്കും രക്ഷകരായി വന്ന് അഗ്‌നിരക്ഷാസേന. മഞ്ചേരി വേട്ടേക്കോടാണു സംഭവം നടന്നത്. മഞ്ചേരി വേട്ടേക്കോട് വാര്‍ഡ് 32ലെ ജഗദീഷ് ചന്ദ്രബോസ് എന്ന ആളുടെ പറമ്പിലെ 40അടി താഴ്ചയും അഞ്ചടി വെള്ളവുമുള്ള കിണറ്റില്‍ 30കാരിയായ ജഗദീഷ് ചന്ദ്രബോസിന്റെ മകള്‍ നിഷ അബദ്ധത്തില്‍ വീണത്. എന്നാല്‍ മകള്‍ കിണറ്റില്‍ വീണതുകണ്ടതോടെ ഒന്നും ആലോചി്ക്കാതെ ആഴമുള്ള കിണറ്റിലേക്കു 61കാരിയായ മാതാവ് ഉഷയും എടുത്തുചാടുകയായിരുന്നു.

ഉടന്‍ മഞ്ചേരി അഗ്‌നി രക്ഷാ നിലയത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലയത്തലവന്‍ പ്രദീപ് പാമ്പാലത്തിന്റെ നേതൃത്വത്തില്‍ സേന സംഭവ സ്ഥലത്ത് എത്തുകയും,ഉടനെ എഫ്.ആര്‍.ഒ: കെ.സി കൃഷ്ണകുമാര്‍ കിണറ്റില്‍ ഇറങ്ങുകയും അവശനിലയില്‍ ആയ അമ്മയെയും മകളെയും റൗണ്ട് റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ കിണറിന് മുകളില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. മഞ്ചേരി അഗ്‌നിരക്ഷാ നിലയത്തിന്റെ ആംബുലന്‍സില്‍ ഉടനെ മകളെയും അമ്മയെയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അഗ്നിരക്ഷാസേനാ അംഗങ്ങളായ എസ്.ടി.ഒ പ്രദീപ് പാമ്പലത്, അബ്ദുല്‍ കരീം, കൃഷ്ണകുമാര്‍ കെസി, അനൂപ് എം, മെഹബൂബ് റഹ്മാന്‍, സജീഷ് എം, സുരേഷ് പി, ഗണേഷ് കുമാര്‍, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.