ഫോണ്‍ പൊട്ടിത്തെറിക്കാനിടയാക്കിയത് ഒരു വര്‍ഷം മുമ്പു പുതുതായി മാറ്റിയിട്ട ബാറ്ററിയിലെ സോര്‍ട്ട് സര്‍ക്യൂട്ട്. എട്ടു വയസ്സുകാരിയുടെ മരണം സംഭവിച്ചതിന് പിന്നില്‍

News

തൃശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനിടയാക്കിയത് ഒരു വര്‍ഷം മുമ്പു പുതുതായി മാറ്റിയിട്ട ബാറ്ററിയിലെ സോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഫോറന്‍സിക് പരിശോധനാ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
മൂന്നുവര്‍ഷം മുമ്പു വാങ്ങിയ റെഡ്മി നോട്ട് 5 പ്രോയുടെ ബാറ്ററി ഒരു വര്‍ഷം മുമ്പാണു ഇവര്‍ മാറ്റിയിട്ടിരുന്നത്. ഗോള്‍ഡന്‍ റോസ് നിറത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോറന്‍സിക് വിദഗ്ധന്‍ മഹേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനക്കായി തൃശൂരിലെ റീജ്യണണ്‍ ഫോറന്‍സിക് സയന്‍സ് കേന്ദ്രത്തിലേക്ക് മാറ്റി.ഫോറന്‍സിക് പരിശോധനാ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് അന്വേഷണം മൊബൈലും, ബാറ്ററിയും വാങ്ങിച്ച ഷോപ്പ് കേന്ദ്രത്തിലേക്ക്.
തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്ത് വീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ (8) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈല്‍ ഫോണില്‍ ഗെയിംകളിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട്ടെ ചെന്നൈ മൊബൈല്‍സ് എന്നകടയില്‍നിന്നാണ് മൂന്നുവര്‍ഷം മുമ്പു ആദിത്യശ്രീയുടെ അച്ഛന്റെ അനിയന്‍ സമ്മാനിച്ചതായിരുന്നു ഈ മൊബൈല്‍ ഫോണ്‍. ഈഷോപ്പുടമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നു കേസന്വേഷിക്കുന്ന
പഴയന്നൂര്‍ എസ്.എച്ച്.ഒ പി.ബി ബിന്ദുലാല്‍ പറഞ്ഞു. ഫോണ്‍ വാങ്ങിച്ച കടയില്‍നിന്നു തന്നെയാണു ബാറ്ററി കേടായപ്പോഴും ഇവര്‍ മാറ്റിയത്.
പൊട്ടിത്തെറിച്ചത് പിതാവ് അശോക് കുമാര്‍ ഉപയോഗിക്കുന്ന ഫോണാണ്. ആദിത്യശ്രീ പഠനാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബായിരുന്നു. ഇന്നലെ ടാബില്‍ ചാര്‍ജ് കഴിഞ്ഞതോടെ ഇത്ചാര്‍ജിനുവേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടില്‍വെച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ആദിത്യശ്രീ ഗെയിം കളിക്കാനിരുന്നത്. മൊബൈല്‍ ചാര്‍ജ്ചെയ്തുകൊണ്ടിരിക്കുന്ന സമയത്തല്ല ഫോണ്‍ പൊട്ടിത്തെറിച്ചതെന്നും ഫോറന്‍സികിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
ബാറ്ററിയുടെ ബാഗങ്ങളാണ് കൂടുതല്‍ ഛിന്നഭിന്നമായിട്ടുണ്ടായിരുന്നത്.
അശോകന്റെയും സൗമ്യയുടെയും എക മകളാണ് മരിച്ച ആദിത്യശ്രീ. ആദിത്യശ്രീ തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് മാതാവ് സൗമ്യ. സംഭവ സമയത്ത് കുട്ടിയുടെ പിതാവ് അശോക് കുമാറും മാതാവും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലി കഴിഞ്ഞു എത്തുന്നതിനു മുന്‍പാണ് ദുരന്തം സംഭവിച്ചത്.അതേസമയം സ്ഫോടനം നടക്കുന്ന സമയത്ത് കുട്ടിയും കുട്ടിയുടെ അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. അരമണിക്കൂര്‍ ഇടവിട്ട് ഇതില്‍നിന്ന് കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. എന്നാല്‍ ഓക്സിജന്‍ സിലിണ്ടറിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.