നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഈ മലപ്പുറത്തുകാരന്റേത്

News

മലപ്പുറം: സാക്ഷാല്‍ നെയ്മര്‍ കേരളത്തിനോട് നന്ദി അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍പങ്കുവെച്ച ചിത്രം മലപ്പുറത്തുകാരന്റേത്. . ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ കേരളത്തിന് നന്ദി പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഈ ചിത്രം മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ അദീബ് നാട്ടില്‍ നിന്ന് പകര്‍ത്തിയതാണ്. അദീബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ബ്രസീല്‍ ഫാന്‍സ് വഴി നെയ്മറില്‍ എത്തുകയായിരുന്നു. ചിത്രം വൈറലായതോടെ അദീബും നാട്ടില്‍ താരമായിരിക്കുകയാണ്.
നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന അദീബിന്റേയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നെയ്മറിന് കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന കട്ടൗട്ടുകളും നെയ്മറിന്റേയും മെസ്സിയുടേതുമാണ്. നെയ്മര്‍ ഫാന്‍സും മെസ്സി ഫാന്‍സും കേരളത്തില്‍ മത്സരിച്ചാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നത്. കേരളത്തെ പേരു പറഞ്ഞു പ്രശംസിച്ച നെയ്മറിനെ അഭിനന്ദിച്ചു നന്ദി അറിയിച്ചും കേരളത്തിലെ നെയ്മര്‍ ഫാന്‍സുകാരും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.
ബ്രസീല്‍ ടീമില്‍ നെയ്മര്‍ ജൂനിയര്‍ തുടരുമെന്നാണ് ബ്രസീലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ലോകകപ്പ് ക്വാര്‍ട്ടറിലെ ഉള്ളുലയ്ക്കുന്ന തോല്‍വിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്മര്‍ ജൂനിയറിന്റെ ആദ്യ പ്രതികരണം.
അതേസമയം ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്