ലീഗ് സി.പി.എമ്മിലേക്കോ ?. ശ്രദ്ധയോടെ പ്രതികരിച്ച് ലീഗ് നേതൃത്വം

News

മലപ്പുറം: കോണ്‍ഗ്രസുമായുള്ള പല വിഷയങ്ങളിലും അകല്‍ച്ച വ്യക്തമായതോടെ മുസ്ലിംലീഗിനെ പരോക്ഷമായ സി.പി.എമ്മിലേക്ക് ക്ഷണിച്ചു പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ, ശ്രദ്ധയോടെ പ്രതികരിച്ച് മുസ്ലിംലീഗ് നേതൃത്വം. വിഷയത്തില്‍ മലപ്പുറത്തു പ്രതികരിച്ച മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ വിവാദമുണ്ടാകാതെ എങ്ങിനെ പ്രതികരിക്കാമെന്ന് നേരത്തെ കണക്ക് കൂട്ടിയാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയവുന്ന കാര്യമല്ലെയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞപ്പോള്‍. ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന് പറഞ്ഞ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതംചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സാദിഖലി തങ്ങള്‍ മറുപടി പറയും മുമ്പെ കുഞ്ഞാലിക്കുട്ടി ഇടപെടുകയായിരുന്നു. വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതല്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സാദിഖലി തങ്ങള്‍ പ്രതിരിക്കാന്‍ ചര്‍ച്ച മറ്റൊരു രീതിയിലെത്തുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വ്യക്തമായ കണക്ക്കൂട്ടലാണ് ഇവിടെ കണ്ടത്. അതോടൊപ്പം സാദിഖലി തങ്ങളുടെ പ്രസ്താവനകള്‍ വിവാദങ്ങളിലേക്ക് ചാടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടയിലെല്ലാം ഇടപെട്ടു.
അതേ സമയം എംവി ഗോവിന്ദന്‍ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാര്‍ട്ടിയുമെന്ന് എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത് എല്‍ഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ കരുതലോടെയാണ് ഇക്കാര്യത്തില്‍ മുസ്ലീംലീഗിന്റെ പ്രതികരണം. സിപിഎമ്മിന്റെ നിലപാട് മാറ്റം ലീഗിനെ സന്തോഷിപ്പിച്ചുവെങ്കിലും അത് പരസ്യമായി വിളിച്ച് പറയാന്‍ ലീഗിന് താല്പര്യമില്ല.
കോണ്‍ഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകര്‍ക്കാനുമില്ലെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. ലീഗിനെ ഇടതുമുന്നണിയിലത്തിക്കാന്‍ ചില നേതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കിലും സമയമായില്ലെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. അതേ സമയം സിപിഎമ്മിന്റെ പ്രസ്താവനയിലെ അപകടം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും പ്രതികരിച്ചത്.
സമീപകാലത്ത് കെ റെയില്‍ – ഗവര്‍ണ്ണര്‍ വിഷയങ്ങളില്‍ ലീഗ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചത് യുഡിഎഫില്‍ തര്‍ക്കവിഷയമായിരുന്നു. എന്നാല്‍ ലീഗിനെ കൂടൂതല്‍ പ്രകോപിക്കണ്ട എന്നാണ് കോണ്‍ഗ്രസ് തിരുമാനം. ഈ വിവാദത്തിലും മുന്നണിയിലെ പ്രശ്നങ്ങള്‍ അവഗണിച്ച് സിപിഎമ്മിനെതിരെ മാത്രം പ്രതികരിക്കുന്നതും ആ നിലപാട് കാരണമാണ്.