സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ പോലെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകാനാണ് സാധ്യത.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ചക്രവാതചുഴിയും ശ്രീലങ്കക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ചു ലയിച്ചു തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒറ്റ ചക്രവാതചുഴിയായി മാറി നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിന് മുകളിലായി ന്യൂനമർദ പാത്തിയും നിലവിലുണ്ട്. ഈ രണ്ട് ചക്രവാത ചുഴികളാണ് സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്.

കേരള തീരത്ത് മണിക്കൂറിൽ അമ്പതു കിലോമീറ്റർവരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ശക്തമായ മിന്നൽ സാധ്യത ഉള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിദ​ഗ്ദ‍ർ നിർദേശിച്ചു.

ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്തു ശരാശരി 25.4 mm മഴയാണ് പെയ്തത്. 2022 ൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയ ദിവസമായിരുന്നു ഇന്നലെ. മാർച്ച്‌ 1 മുതൽ ഏപ്രിൽ 9 വരെ സംസ്ഥാനത്തു 81% അധിക മഴയാണ് ലഭിച്ചത്.