സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തി പണം കായ്ക്കുന്ന മരങ്ങള്‍

Feature News

പണം കായ്ക്കുന്ന മരം എന്ന കേട്ടുകേള്‍വി ഇല്ലാത്തവര്‍ കുറവായിരിക്കും. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും യുകെയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള മരങ്ങള്‍ കാണാന്‍ സാധിക്കും. നാണയത്തുട്ടുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍. സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ് ഈ നാണയ മരങ്ങള്‍.

ഇത്തരത്തില്‍ നാണയത്തുട്ടുകള്‍ തിങ്ങി നിറഞ്ഞ മരങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ കഥ പറയാന്‍ ഉണ്ട്. ഇവിടെയുള്ളവര്‍ വിശ്വസം അനുസരിച്ച് തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനോ ആത്മാവിനോ നേര്‍ച്ചയായി നാണയം സമര്‍പ്പിച്ചാല്‍ ഏതാഗ്രഹവും സാധിക്കും. ചുറ്റിക ഉപയോഗിച്ച് നാണയങ്ങള്‍ മരത്തില്‍ അടിച്ച് ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നാണയ മരങ്ങള്‍ യുകെയില്‍ നിരവധി ഉണ്ട്. വടക്കന്‍യോര്‍ക്ക്‌ഷെയറിലുള്ള കാടുകളിലാണ് നാണയ മരങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ ഐല്‍ മാരിയിലെ വിശുദ്ധ മെയ്ല്‍റൂബയുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരങ്ങള്‍ ഏറെ പ്രസിദ്ധമാണ്. 1828 കാലഘട്ടിത്തിലുള്ള ഒരു നാണയം ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. വിക്ടോറിയ രാഞ്ജിയും കാര്യസാദ്ധ്യത്തിനായി 1877ല്‍ ഈ മരത്തില്‍ നാണയം സമര്‍പ്പിച്ചതായും പറയപ്പെടുന്നു.

എന്നാല്‍ ലോഹകോശങ്ങള്‍ മരങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് മരങ്ങള്‍ക്ക് ദോഷകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നാണയമരങ്ങള്‍ പലതും നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും നിരവധി ആളുകള്‍ മരങ്ങളില്‍ നാണയങ്ങള്‍ പതിപ്പിച്ച് ആചാരങ്ങള്‍ തുടര്‍ന്നു പോകുന്നു.