ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെത്തി ; രണ്ടുപേർ പിടിയിൽ

Crime Local News

കോഴിക്കോട്: മാങ്കാവിലെ ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെത്തി. സംഭവത്തിൽ ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ പിടികൂടി അറസ്റ്റ് ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. ഇന്നലെ മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.

ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് അറസ്റ്റിലായത്. ഒറീസയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിറ്റിരുന്നത്.