സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഇമ്രാന്റെ ചികിത്സക്ക് സ്വരൂപിച്ച 17.04 കോടി സർക്കാറിലേക്ക് നല്‍കി

Local News

അങ്ങാടിപ്പുറം : സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച തുക ചികിത്സാ സഹായസമിതി മുന്നേ തീരുമാനിച്ചത് പോലെ സർക്കാർ ഫണ്ടിലേക്ക് നൽകി.

കുളങ്ങരത്തൊടി ആരിഫിന്റെ മകനായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്റെ രോഗം 18 കോടി രൂപ ചെലവ് വരുന്ന മരുന്ന് അമേരിക്കയിൽനിന്ന് വരുത്തി ചികിത്സിച്ചാൽ മാറ്റാനാകുമെന്ന് ഡോക്ടർമാരുടെ നിർദേശിച്ചിരുന്നു. തുടർന്ന് പണത്തിനായി സമൂഹ സമാഹരണം നടത്തുകയും 16.60 കോടി രൂപയോളം രൂപ സമാഹരിക്കുകയും ചെയ്തെങ്കിലും മരുന്നെത്തിക്കുന്നതിന് മുമ്പേ ഇമ്രാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങി.

ഇതേരോഗം ബാധിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളുടെ ചികിത്സക്കായി ഈ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും തുക സർക്കാറിലേക്ക് നൽകണമെന്ന നിർദേശം കോടതി മുന്നോട്ട് വെക്കുകയുമായിരുന്നു. അക്കൗണ്ടിൽ ലഭിച്ച 16.60 കോടി രൂപയും പലിശയിനത്തിൽ വന്ന 43.60 ലക്ഷം രൂപയും ചേർത്ത് 17.04 കോടി രൂപ സമിതി സർക്കാർ അക്കൗണ്ടിലേക്ക് കൈമാറി.