മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏർപ്പാടാക്കിയ കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു

Local News

കൊച്ചി: മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ച് മദ്യവിതരണം നടത്തിയത് ചട്ടലംഘനമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേസ്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയിരുന്നത്. ഈ ഡാന്‍സ് ബാറിലാണ് മദ്യവിതരണത്തിനായി വിദേശത്തുനിന്നടക്കം യുവതികളെ എത്തിച്ചത്. ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തിയത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.