പ്രണയ വിവാഹത്തിന് പിന്നാലെ പൊലീസില്‍ അഭയം തേടി മന്ത്രിയുടെ മകള്‍

India News Politics

ബെംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി പോലീസിൽ അഭയം തേടി തമിഴ്നാട് മന്ത്രിയുടെ മകൾ. തമിഴ്നാട് ദേവസ്വം മന്ത്രിയും ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ പി കെ ശേഖര്‍ ബാബുവിന്‍റെ മകള്‍ എസ് ജയകല്യാണിയാണ് വിവാഹം കഴിഞ്ഞയുടനെ കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തിയത്. ഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

പി കെ ശേഖര്‍ബാബുവിന്‍റ തന്നെ ഡ്രൈവറായിരുന്ന സതീഷ് കുമാറുമായി കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ വിവാഹം. കർണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് ഇവർ വിവാഹിതരായത്. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്.
പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രഭരണസമിതികള്‍ക്ക് എതിരെ കര്‍ശന നടപടിയെടുത്ത മന്ത്രിയാണ് ശേഖര്‍ ബാബു. ജാതിവിവേചനങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയിലെ മുതിര്‍ന്ന നേതാവ് സ്വന്തം മകളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.