ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ തുടർച്ചയായ മൂന്നാം വര്‍ഷവും ഫീസ് കൂടില്ല

Education International News

ദുബൈ : സ്വകാര്യ സ്‍കൂളുകളില്‍ ഈ വര്‍ഷവും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ദുബൈഅധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്‍കൂള്‍ ഫീസ് നിലവിലെ സ്ഥിതിയിൽ തുടരുന്നത്.

ശമ്പളവും വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ സ്‍കൂള്‍ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്ന എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‍കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നൽകാറുള്ളത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചും ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അധികൃതർ എത്തിച്ചേർന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‍കൂള്‍ ഫീസില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നുവെങ്കിലും 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‍കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഫീസ് വര്‍ദ്ധനവുണ്ടായിട്ടില്ല.

2021 ഫെബ്രുവരി മുതല്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.