ടൂത്ത് പേസ്റ്റ് ആണെന്ന് വിചാരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

India News

മംഗളൂരു: എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർത്ഥിനി മരിച്ചു. മംഗലാപുരത്തിന് അടുത്ത് സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ എന്ന പതിനേഴുകാരിയാണ് കഴിഞ്ഞ മാസം പതിനാലാം തിയ്യതി ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി പല്ലുതേച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടനെത്തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകിയത് കൊണ്ടുതന്നെ പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ആശുപത്രിയിൽ കൊണ്ടുപോവുകയും അവിടുത്തെ ചികിത്സയ്ക്ക് ശേഷം മാറ്റമില്ലാത്ത കൊണ്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ചായിരുന്നു മരണപ്പെട്ടത്.

പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് വെച്ചിരുന്നത്. എലിവിഷവും അതിനടുത്തായിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം അറിയാതെ എടുക്കുകയായിരുന്നു. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന ശ്രവ്യ ഹിജാബ് വിവാദത്തെ തുടര്‍ന്ന് കോളേജ് അവധിയായതിനാല്‍ സ്വന്തം വീട്ടിലായിരുന്നു.