സുരേഷിന്‍റെ കസ്റ്റഡി മരണം: പരാതി ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍

Crime Local News

തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ സുരേഷ് (40) മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി. കെ മോഹനൻ തിരുവല്ലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച അദേഹം തിരുവല്ലം പൊലീസ് പിടികൂടിയ കൊല്ലപ്പെട്ട സുരേഷിന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ജി.ഡി എൻട്രിയിൽ ഉൾപ്പടെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്നാണ് മനസ്സിലാക്കുന്നതെന്ന് മാധ്യമങ്ങളെ അറിയിച്ചു.

സംഭവത്തിൽ ഇതുവരെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിക്ക് മുന്നിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചതെന്ന് വ്യക്തമാക്കി. സ്റ്റേഷനിലെ സി.സി. ടി.വികൾ എല്ലാം പ്രവർത്തനക്ഷമമാണെന്ന് പൊലീസ്, ജസ്റ്റിസ് വി. കെ മോഹനനെ അറിയിച്ചു.

അതിനിടെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ജഡ്ജി കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് സുരേഷടക്കമുള്ള അഞ്ചുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്.