കേരളത്തിൽ കള്ളനോട്ട് വിതരണം : ഒരാൾ അറസ്റ്റിൽ

Crime Keralam News

കൊല്ലം: കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. . കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തു . ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്.

ആദ്യം മീനാട് പാലത്തിനു സമീപം ഒരു കടയിൽ സ്കൂട്ടറിലെത്തിയ സുനി, ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കിയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി. ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു സുനി.

പോലീസ് എത്തുന്നത് കണ്ട സുനി നോട്ടുകൾ വലിച്ചെറിഞ്ഞ രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുനിയെ പോലീസ് പിടികൂടി . കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് സുനിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ളത്. പ്രത്യേക പേപ്പറിൽ നോട്ടിന്റെ ഓരോ വശങ്ങളും പ്രത്യേകം പ്രത്യേകം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഇരു വശങ്ങളും ഒട്ടിച്ചെടുക്കുകയാണെന്നും സുനി പോലീസിനോട് പറഞ്ഞു . മറ്റു സംഘങ്ങളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു.