എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

Crime Keralam News

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവിന്റെ വന്‍ശേഖരവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുബഷീര്‍ (28) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ ബോണറ്റിനുള്ളിലടക്കം വിവിധ ഭാഗങ്ങളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.

ബോണറ്റ് തുറന്ന് മൂന്ന് പായ്ക്കറ്റും വാഹനത്തിനടിയില്‍ മുന്‍ഭാഗത്തിനും പിന്‍ചക്രത്തിന് സമീപത്ത് നിന്നും രണ്ട് വീതം പായ്ക്കറ്റും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി എ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലി, എം സി സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാത്രിയില്‍ പരിശോധന നടത്തിയത്. പ്രതിയെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു..