കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര സർക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന നീക്കം ഉപേക്ഷിക്കണം – കേരള പ്രവാസി സംഘം

Local News Politics

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര സർക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രവാസി സംഘം പട്ടർകടവ്-കോൽമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. റൺവേ നീളം കുറക്കുന്നതിലൂടെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുന്നത് തടയുകയും അതിലൂടെ വികസനം തകർക്കാനുമുള്ള ഗൂഡ ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും ഇതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രൊക്ഷോഭത്തിന് പ്രവാസികൾ നേതൃത്വം നൽകുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.

വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്ന മുഴുവൻ പ്രവാസികളെയും പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും മലപ്പുറത്ത്‌ പൊതുമേഖലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും സ്വയം തൊഴിൽ കണ്ടെത്താൻ ആവിശ്യമായ മൂലധന വായ്പ അനുവദിക്കണമെന്നും പ്രവാസി പെൻഷൻ മിനിമം അയ്യായിരം രൂപയായി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ പാലോളി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. മുസ്ല്യർ സജീർ അധ്യക്ഷത വഹിച്ചു. അസ്‌കർ, ഫഹദ് പാങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. സൈനുദ്ധീൻ എം.കെ സ്വാഗതവും അലി കെ.വി നന്ദിയും പറഞ്ഞു.

സമ്മേളനത്തിൽ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുസ്ല്യാർ സജീറിനെയും സെക്രട്ടറിയായി ഫഹദ് പാങ്ങാട്ടിനെയും ട്രഷററായി സിദ്ദിഖ് പി.എ.യിനെയും വൈസ് പ്രസിഡന്റായി മജീദ് സ്രാമ്പിക്കലിനേയും ജോയിന്റ് സെക്രട്ടറിയായി താഹിർ കളപ്പാടനെയും തെരഞ്ഞെടുത്തു.