ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ മുംബൈയിലെത്തി പിടികൂടി

Crime India Keralam News

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയില്‍ പോയി പിടികൂടി വയനാട് സൈബര്‍ പോലീസ്. അസം ബാര്‍പ്പെട്ട ജില്ലയിലെ ഗുനിയല്‍ഗുരു സ്വദേശി ഹബീബുല്‍ ഇസ്ലാം (25), ബോങ്കൈഗാവോണ്‍ പര്‍ഭജോപ്പ സ്വദേശി അബ്ദുള്‍ ബാഷര്‍ (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സുല്‍ത്താന്‍ബത്തേരി സ്വദേശിനിക്ക് ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ‘മേക്ക് മൈ ട്രിപ്പ്’ എന്ന കമ്പനിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പ്രതികള്‍ ഉദ്യോഗാര്‍ത്ഥിനിയെ കൊണ്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്ട്രേഷന്‍ ചാര്‍ജ്, വിവിധ നികുതികള്‍, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട് തന്ത്രപൂര്‍വ്വം 13.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാര്‍ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.