രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിൽ 6 മടങ്ങ് വർധനയെന്ന് ആരോഗ്യ മന്ത്രാലയം

Health India News

ദില്ലി : കഴിഞ്ഞ ആഴ്‌ച കൊവിഡ് കേസുകൾ 6 മടങ്ങ് വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതുമായ ഒമിക്രോൺ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

ജനുവരി 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിൽ 6,38,872 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 27 നും ജനുവരി 2 നും ഇടയിൽ രേഖപ്പെടുത്തിയ 1,02,330 കേസുകളിൽ നിന്ന് ആറിരട്ടിയിലധികം വർധനവാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡാഷ്‌ബോർഡിൽ ലിസ്റ്റുചെയ്തിരിക്കുന്നതുമായ കണക്കുകൾ പ്രകാരം, ഡിസംബർ 27 ന് 6,531 ആയിരുന്ന പ്രതിദിന കണക്ക് ജനുവരി 2 ന് 27,553 ആയി ഉയർന്നു.

കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ ലോകാരോഗ്യ സംഘടനയുടെ ഡാഷ്‌ബോർഡിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.