ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം നിർബന്ധം

Health India International News

ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കുമെന്നും 12 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്‍ക്കും വിധേയമാകണമെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ത്യ കൂടാതെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.