വിമാനത്തിന്റെ ശുചിമുറിയിൽ രക്തത്തിൽ കുതിർന്ന നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി

Crime India International News

ദില്ലി: രക്തത്തിൽ കുതിർന്ന ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ കണ്ടെത്തി.ജനുവരി ഒന്നിന് സർ സീവൂസാഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ എയർ മൗറീഷ്യസ് വിമാനത്തിൽ നിന്നാണ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കിട്ടിയത്.

കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ അവർ കുഞ്ഞിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മഡഗാസ്‌കറിൽ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്തിൽ നിന്ന് കണ്ടെത്തിയ ആൺകുഞ്ഞ് തന്റേതല്ലെന്ന് യുവതി ആദ്യം പറഞ്ഞെങ്കിലും വൈദ്യ പരിശോധനയിൽ സ്ത്രീ പ്രസവിച്ചതായി വ്യക്തമായി. യുവതി ഇപ്പോൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.