ആഘോഷമെന്നാല്‍ സുവൈബത്തുല്‍ അസ്ലമിയ

News

നസ്‌റീന തങ്കയത്തില്‍

ടോവിനോ തോമസ് എന്ന സൂപ്പര്‍ ഹീറോ തന്റെ വെഡിങ് ആനിവേഴ്സറി സ്‌പെഷ്യലാക്കാന്‍ കേക്കിന് ഓര്‍ഡര്‍ നല്‍കിയത് ആര്‍ക്കാണെന്നറിയോ? ഇരിങ്ങണ്ണൂരിലെ സുവൈബത്തുല്‍ അസ്ലമിയ എന്ന സൂപ്പര്‍ ഹീറോയിനാണ് ആ ഭാഗ്യം ലഭിച്ചത്. രുചി കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ പ്രശസ്തമായ ‘ഐന അമാല്‍ ബേക്ക്’ എന്ന ബ്രാന്‍ഡ് നെയിം കേരളത്തിന് സമ്മാനിച്ച ഈ ഇരുപത്തിയാറുകാരി പക്ഷെ ചില്ലറക്കാരിയല്ല. ഒരു വര്‍ഷം കൊണ്ട് അയ്യായിരത്തിലേറെ കേക്കുകള്‍ നിര്‍മ്മിച്ച് ആളുകളുടെ മനസ്സ് നിറച്ച ഈ യുവതി മുന്നേ വാര്‍ത്തകളില്‍ താരമായിരുന്നു.

സുവൈബത്തുല്‍ അസ്ലമിയ ടോവിനോ തോമസിനും കുടുംബത്തിനുമൊപ്പം

സാധാരണക്കാരുടെയും സെലിബ്രറ്റികളുടെയും പ്രശംസ ഒരേപോലെ കൈപ്പറ്റിയ അസ്ലമിയയും അവളുടെ കേക്കും സോഷ്യല്‍ മീഡിയയില്‍ പണ്ടേ ഹിറ്റാണ്. ഇന്ന് എണ്ണമറ്റ ഫോളോവേഴ്സുള്ള ഇന്‍സ്റ്റ സെലിബ്രറ്റി കൂടിയാണ് അസ്ലമിയ. കോയമ്പത്തൂരിലെ സി.എം.എസ് കോളേജില്‍ ബയോകെമിസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഈ മിടുക്കി രുചിക്കൂട്ടുകളുടെ രസതന്ത്രം തീര്‍ക്കണമെന്നത് ഒരു പക്ഷെ കാലത്തിന്റെ കാവ്യനീതിയാവാം.

ജീവിതം ‘അപ്പ്’ ആക്കിയ ലോക്ക്ഡൌണ്‍’

ഇരിങ്ങണ്ണൂരിലെ പാലാപറമ്പത്തെ മൊയ്തുവിന്റേയും ശരീഫയുടെയും മകളായ അസ്ലമിയ കേക്കിന്റെ ലോകത്തേക്ക് എത്തിയത് പക്ഷെ തികച്ചും ആകസ്മികമായാണ്. ആദ്യം തൊട്ടേ പാചകം ഇഷ്ട മേഖലയായിരുന്നു. ഭര്‍ത്താവ് വില്ല്യാപ്പള്ളി പടിഞ്ഞാറയില്‍ ഷരീഖിന്റെ കൂടെ ബഹ്റൈനിലായിരുന്ന സമയത്ത് എഫ്.എം റേഡിയോയില്‍ പുതിയ രുചി വൈവിധ്യങ്ങള്‍ അവതരിപ്പിച്ചിരുന്നതും അതുകൊണ്ടുതന്നെയാണ്. അങ്ങനെയിരിക്കെ രണ്ടാമത്തെ പ്രസവത്തിനായി നാട്ടിലെത്തിയപ്പോഴാണ് കോവിഡും ലോക്‌ഡൌണുമൊക്കെ പിടിമുറുക്കുന്നത്. ഒന്നും ചെയ്യാനില്ലാതിരുന്ന നാളുകളില്‍ ഒഴിവുവേളകള്‍ ആനന്ദകരമാക്കണമെന്ന തോന്നലില്‍ നിന്നാണ് കേക്ക് നിര്‍മ്മാണത്തിലേക്ക് കടന്നത്. ആദ്യമൊക്കെ ബന്ധുക്കളും അയല്‍വാസികളും മാത്രമായിരുന്നു കേക്കിന്റെ ഉപഭോക്താക്കള്‍. പക്ഷെ അസ്ലമിയയുടെ സഹോദരനും ഭര്‍ത്താവും കേക്കിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ആവശ്യക്കാര്‍ ഏറി. കേക്കിന്റെ രുചി ഒരുവട്ടം അറിഞ്ഞവര്‍ വീണ്ടും വീണ്ടും തേടിയെത്തി. അങ്ങനെയാണ് ‘ഐന അമാല്‍ ബേക്ക്’ എന്ന ബ്രാന്‍ഡ് ഉണ്ടായത്. ഇപ്പോള്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആഘോഷങ്ങള്‍ ഉഷാറാക്കണമെങ്കില്‍ അസ്ലമിയയുടെ കേക്ക് കൂടിയേ തീരൂ എന്ന അവസ്ഥയാണ്.

സുവൈബത്തുല്‍ അസ്ലമിയ

ആഘോഷങ്ങളാണ് സാറേ ഇവളുടെ മെയിന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന അസ്ലമിയ, നേര് പറഞ്ഞാല്‍ കൈവെക്കാത്ത മേഖലകളില്ല . പ്രവാസികള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സര്‍പ്രൈസ് ഗിഫ്‌റ് കൊടുക്കാനും വിവാഹ വീട്ടിലേക്കുള്ള സമ്മാനപ്പൊതി നല്‍കാനും അസ്ലമിയയെയാണ് ആശ്രയിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നു വധുവിന് വേണ്ട വസ്ത്രങ്ങളും ആഭരങ്ങളുമടക്കം സമ്മാനിക്കാന്‍ അസ്ലമിയ ഒരുക്കുന്ന ഗിഫ്റ്റ് ഹാമ്പറുകള്‍ക്കും നല്ല ഡിമാന്റാണ്. ഇതിനൊക്കെ പുറമെ ബര്‍ത്തഡേ, വെഡിങ് ഇവന്റുകളൊക്കെ കളറാക്കി നടത്തിക്കൊടുക്കുന്ന ഏര്‍പ്പാടും ഉണ്ട്. കേക്കിനോടൊപ്പം തന്നെ അടിപൊളി ചോക്‌ളറ്റ്‌സും ഉണ്ടാക്കിക്കൊടുക്കുണ്ട്.

ജീവിതത്തിന്റെ ഓരോ നിമിഷവും മധുരം കഴിച്ച് ആഘോഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. അതിന്റെ മാറ്റ് കുറയാതെ നിലനില്‍ക്കുന്നത് അസ്ലമിയയെപ്പോലെയുള്ള മിടുക്കികള്‍ സ്‌നേഹത്തോടെയും പാഷനോടെയും ഉണ്ടാക്കുന്ന അതി മനോഹരമായ, അതീവ രുചികരമായ കേക്കുകള്‍ വഴിയാണ്. ഐന മെഹക്, നൈല ലൈബ അമാല്‍ എന്നീ കുഞ്ഞുസുന്ദരികളുടെ ഉമ്മ കൂടിയായ സുവൈബത്തുല്‍ അസ്ലമിയ ആഘോഷങ്ങള്‍ ഉള്ളിടത്തൊക്കെയും നിറപുഞ്ചിരിയോടെ സജീവമാണ്.

താരങ്ങള്‍ക്കിടയില്‍ താരം

‘ഐന അമാല്‍ ബേക്ക്’ സെലിബ്രറ്റികള്‍ക്കിടയിലും ഏറെ പോപ്പുലറാണ്. അങ്ങനെയാണ് ടോവിനോ അസ്ലമിയയെ കോണ്‍ടാക്ട് ചെയ്തത്. കേക്കിന്റെ സ്ഥിരം കസ്റ്റമര്‍ കൂടിയായ മലയാളികളുടെ പ്രിയ സംവിധായകന്‍ ഒമര്‍ ലുലു, കട്ട സപ്പോര്‍ട്ട് നല്‍കുന്ന അസ്ലമിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് . ടെലിവിഷന്‍ രംഗത്തെ സെന്‍സേഷനുകളായ കല്ലു, മാത്തു, ഷിയാസ് കരീം എന്നിങ്ങനെ സംതൃപ്തരായ ഒത്തിരി താരങ്ങളാണ് അസ്ലമിയയുടെ ഏറ്റവും വലിയ സമ്പാദ്യം. ഇവര്‍ നല്‍കുന്ന സ്‌നേഹവും കരുതലും അസ്ലമിയയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

സംവിധായകന്‍ ഒമര്‍ ലുലുവിനും, ഷിയാസ് കരിമിനും കൂടെ അസ്ലമിയ

പുതിയ വലിയ സന്തോഷങ്ങള്‍

ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നതിന്റെയും സ്‌നേഹിക്കപ്പെടുന്നതിന്റെയും ആഹ്ലാദം കൂടിയുണ്ട് ഇപ്പോള്‍. അതുകൊണ്ട് തന്നെ പെയ്ഡ് പ്രൊമോഷന് വേണ്ടി ഒരുപാട് പേര്‍ അസ്ലമിയയെ സമീപിക്കുന്നുണ്ട്. ഒത്തിരി പരിപാടികളില്‍ മുഖ്യാതിഥിയായി വിളിക്കപ്പെടുന്നതിന്റെ സന്തോഷം വേറെയുമുണ്ട്.
ഇന്‍സ്റ്റയില്‍ മാത്രമല്ല നാട്ടിലും അസ്ലമിയ സെലിബ്രറ്റിയാണ്. എവിടെച്ചെന്നാലും കാണുമ്പോഴേക്കും ഓടിവരാനും വിശേഷങ്ങളന്വേഷിക്കാനും ചേര്‍ത്തുനിര്‍ത്തി ഫോട്ടോസ് എടുക്കാനും ആരാധനയോടെ നോക്കാനും ആളുകളുണ്ട് എന്നത് തന്നെയാണ് അതിന് തെളിവ്.

സ്വപ്നത്തിലേക്കുള്ള കാല്‍വെപ്പ്

മോഡലിംഗിനോടും ഒടുങ്ങാത്ത പാഷനുള്ള അസ്ലമിയയ്ക്ക് ഇതിനോടകം തന്നെ നിരവധി സിനിമകളിലേക്ക് നായികയായിത്തന്നെ ക്ഷണം വന്നിട്ടുണ്ട്. ആല്‍ബങ്ങളിലേക്കും പരസ്യങ്ങളിലേക്കുമുള്ള വിളികള്‍ വേറെയുമുണ്ട്. ഇനി കൈവെക്കാനുള്ളതും അഭിനയത്തിലാണ്. ബിഗ് സ്‌ക്രീനില്‍, സിനിമയില്‍ ‘സുവൈബത്തുല്‍ അസ്ലമിയ’ തിളങ്ങി നില്‍ക്കുന്ന കാലം വിദൂരമല്ലെന്നുറപ്പാണ്.

കുറുക്കുവഴികളില്ലാത്ത കഠിനാധ്വാനം

‘ഐന അമാല്‍ ബേക്സും’ ഇന്നീ കാണുന്ന പ്രശസ്തിയും ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. കാലിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള കേക്ക് നിര്‍മ്മാതാവായതും പൊടുന്നനെയല്ല. നിരന്തരമായ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ബാക്കിപത്രമാണിത്. ഒരു പോള കണ്ണടക്കാത്ത, ബേക്ക് ചെയ്ത് നേരം പുലര്‍ന്ന എത്രയോ ദിവസങ്ങള്‍ കടന്നുപോയിട്ടുണ്ട്. ചില സമയങ്ങളില്‍, സീസണുകളില്‍ ബള്‍ക്ക് ഓര്‍ഡറുകള്‍ തേടിവരാറുണ്ട്.
ബേക്കിങിന് വേണ്ട പര്‍ച്ചേഴ്സ് തൊട്ടിങ്ങോട്ട് പാക്കിങ് വരെയുള്ള കാര്യങ്ങളൊക്കെയും അസ്ലമിയ തനിച്ച് തന്നെയാണ് ചെയ്യുന്നത്. പ്രോഡക്റ്റ് ആവശ്യക്കാരിലേക്കെത്തിക്കുന്നത് അഞ്ച് ഡെലിവറി ബോയ്‌സിന്റെ സഹായത്തോടെയാണ്.

ഇത്ര ചെറിയ പ്രായത്തില്‍ സ്വയം സംരഭകയാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമുക്ക് വേണ്ടി നമ്മള്‍ മാറ്റിവെക്കുന്ന സമയമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമെന്ന് തന്നെയാണ് അസ്ലമിയയുടെ നേട്ടങ്ങള്‍ പകര്‍ന്നുതരുന്ന പാഠം. ബേക്കിങില്‍ മാത്രമൊതുങ്ങാതെ സാധ്യമായ വഴികളൊക്കെ കണ്ടെത്തി കൂടുതല്‍ കൂടുതല്‍ അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നത് തന്നെയാണ് അസ്ലമിയയുടെ വിജയങ്ങളുടെ കാതല്‍.

അസ്ലമിയയ്ക്ക്, കലര്‍പ്പില്ലാത്ത കൈപ്പുണ്യത്തിന്, നിരന്തര പുതുക്കലുകള്‍ക്ക് സ്‌നേഹാശംസകള്‍

സുവൈബത്തുല്‍ അസ്ലമിയയുടെ ഇന്‍സ്റ്റഗ്രാം പേജ് ലിങ്ക്

https://www.instagram.com/reel/CYBgaNNFYLX/?utm_medium=copy_link