മലയോര ഹൈവേ: ചുങ്കക്കുറ്റി -തൊട്ടിൽപാലം റോഡ് വീതി കൂട്ടാൻ തീരുമാനമായി

Local News

കുറ്റ്യാടി: മലയോര ഹൈവേ വയനാട് അതിർത്തിയായ ചുങ്കക്കുറ്റി മുതൽ തൊട്ടിൽപാലം വരെ വീതി കൂട്ടി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് ജനകീയ കൺവൻഷൻ തീരുമാനിച്ചു. ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെ ഒന്നാം റീച്ച് ടെൻഡർ നടപടി ഉടൻ ആരംഭിക്കും. 12 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടു കിട്ടുന്നതിന് ഉടമകളെ കണ്ട് സമ്മതപത്രം വാങ്ങും.

പൂതംപാറ മുതൽ തൊട്ടിൽപാലം വരെ രണ്ടാം റീച്ചിന്റെയും തൊട്ടിൽപാലം മുതൽ നടുത്തോട് വരെ മൂന്നാം റീച്ചിന്റെയും ഭാഗത്തെ സ്ഥല ഉടമകളിൽ നിന്ന് സമ്മത പത്രം വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലം വിട്ടു നൽകുന്നവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് എം എൽ എ വിശദീകരിച്ചു.
ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, നടോൽ രവി, പി.ജി.സത്യനാഥ്, ന്റെയും റോബിൻ ജോസഫ്, രാജു തോട്ടും ചിറ, ബോബി മൂക്കൻതോട്ടം, പി.കെ.രാജീവൻ എന്നിവർ സംസാരിച്ചു.