ഡി.ജെ. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

Crime Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഡി.ജെ. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം കണ്ടെത്തിയിരുന്നു.

പാര്‍ട്ടി എത്ര മണിക്ക് തുടങ്ങിയാലും പത്തു മണിക്ക് അവസാനിപ്പിക്കണമെന്നാണ് ഉത്തരവ്. ഇല്ലെങ്കില്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവെക്കും. പാര്‍ട്ടി നടക്കുന്ന വേദിയില്‍ സിസി ടിവി പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നും പൊലീസ് ഏതുസമയത്ത് ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ കൈമാറണമെന്നും നോട്ടീസില്‍ വിശദമാക്കി.