മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉപയോഗം കുറച്ചില്ലെങ്കില്‍ ‘ഡ്രൈ ഐ’ രോഗം ബാധിക്കുമെന്ന് വിദഗ്ദർ

Health India News

ഡൽഹി : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലി വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും ചിലവിടുന്ന സമയം വർധിച്ചത് കണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ഈ സാഹചര്യത്തില്‍ കണ്ണുകളെ ബാധിക്കുന്ന ‘ഡ്രൈ ഐ’ രോഗം കൂടിയതായാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.

‘ഡ്രൈ ഐ രോഗം എന്നാല്‍ കണ്ണുകളിലെ നനവ് വാര്‍ന്നുപോകുന്ന അവസ്ഥയാണ്. പ്രായമായവരെ ബാധിച്ചിരുന്ന ഈ രോഗം കൊവിഡ് കാലത്ത് കുട്ടികളില്‍ വരെ കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.

ദില്ലിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധന്‍ ഡോ. തുഷാര്‍ ഗ്രോവര്‍ പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ ‘ഡ്രൈ ഐ’ ബാധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഏതാണ്ട് 30-40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്. ഇത് കൊവിഡുമായി പരോക്ഷമായി ബന്ധപ്പെട്ട് വരുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. തുടര്‍ച്ചയായി ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ എണ്ണം 66 ശതമാനമായി കുറയുമെന്നും ഇത് ക്രമേണ ‘ഡ്രൈ ഐ’യിലേക്ക് നയിക്കുമെന്നും ഡോക്‌ടർ പറയുന്നു.

കണ്ണില്‍ വേദന, നീറ്റല്‍, എരിച്ചില്‍, തളര്‍ച്ച, കാഴ്ച മങ്ങല്‍, കരട് വീണതുപോലുള്ള അനുഭവം, കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത, സ്‌ക്രീനിലേക്ക് അധികസമയം നോക്കാന്‍ കഴിയാതെ വരിക എന്നിങ്ങനെ പല വിഷമതകളും ‘ഡ്രൈ ഐ’യില്‍ നേരിടാം. കണ്ണിലെ പേശികളില്‍ വരുന്ന സമ്മര്‍ദ്ദം മൂലം കണ്ണ് വേദനയ്‌ക്കൊപ്പം തലവേദനയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണെന്നാണ് പറയുന്നത്.

‘ഡ്രൈ ഐ’ സാധ്യത ഒഴിവാക്കാനുള്ള ഏക വഴി നിര്‍ബന്ധമായും സ്‌ക്രീന്‍ സമയം കുറയ്ക്കുക എന്നത് മാത്രമാണ്.