ഭക്ഷണ ഓര്‍ഡറിനൊപ്പം ‘ലാസ്റ്റ് മീല്‍’ എന്ന് കുറിപ്പ്, രക്ഷകനായി ഡെലിവറി ബോയ്

International News

ചൈന : ഒരു ഡെലിവറി ബോയ് ഹീറോയായതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹെനാന്‍ പ്രവിശ്യയിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെ ഒരു ഉപഭോക്താവ് ‘എന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണം’ എന്ന അസുഖകരമായ കുറിപ്പ് അതിനോടൊപ്പം ചേർത്തിരുന്നു. അയാളുടെ താമസ സ്ഥലത്ത് ഡെലിവറി ബോയ് എത്തി കോളിംഗ് ബെല്‍ അടിച്ചുവെങ്കിലും ആരും അതിന് മറുപടി നൽകിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അദ്ദേഹം ഉടനെത്തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു .

പൊലീസും അഗ്നിശമനസേനാംഗങ്ങളും എത്തി വിളിച്ചപ്പോൾ ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറാവാതെ ജനലിലൂടെ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസുകാര്‍ അയാളോട് ശാന്തനാകാന്‍ അപേക്ഷിക്കുകയും അന്നേരം അഗ്‌നിശമന സേനാംഗങ്ങൾ പതിയെ മുറിയിലേക്ക് കടന്നുവന്ന് അയാളെ രക്ഷിക്കുകയായിരുന്നു. ഇയാള്‍ കൂടിയ അളവില്‍ ഉറക്കഗുളികകള്‍ കഴിച്ചിരുന്നു.

കൃത്യസമയത്ത് വേണ്ടപോലെ ഇടപെട്ടതിന് പൊലീസ് ഡെലിവറി ബോയിയെ അഭിനന്ദിച്ചു.