സ്‍ത്രീകളുടെ അടിവസ്ത്രം മാസ്കിന് പകരം ധരിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

International News

വാഷിംഗ്ടണ്‍: സ്ത്രീകളുടെ അടിവസ്ത്രം മാസ്കിന് പകരം ധരിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം നടന്നത്. ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെ എന്ന യുവാവിനെയാണ് ഇറക്കിവിട്ടത്.

സ്ത്രീകളുടെ അടിവസ്ത്രമാണ് മാസ്കിന് പകരമായി ധരിച്ചതെന്ന് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം തിരക്കിയ ആദമിന് നിര്‍ദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നാണ് കാബിന്‍ ക്രൂ മറുപടി നൽകിയത്.

വിമാനത്തിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്.

മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമായിരുന്നെന്ന് ആദം പിന്നീട് സംഭവത്തെ കുറിച്ച് പ്രതികരിച്ചു. സമാനരീതിയില്‍ നേരത്തെ മറ്റുചില വിമാനങ്ങളിലും യാത്രചെയ്തിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.