പി.ഡബ്ല്യു.ഡി. എന്‍ജിനീയറുടെ വീട്ടില്‍ റെയ്ഡ് ; പണം ഒഴുകിയത് പൈപ്പില്‍ നിന്ന്

Crime India News

കര്‍ണാടക: കര്‍ണാടയിൽ പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറുടെ വീട്ടിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ പിവിസി പൈപ്പിനുള്ളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും പുറത്തെടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ജെഇ ശാന്തഗൗഡ ബിരാദാറിന്റെ കലബുറഗിയിലെ വീട്ടില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന സംശയത്തെത്തുടര്‍ന്ന് അഴിമതി വിരുദ്ധ ഏജന്‍സിയുമായി ചേര്‍ന്ന് എസ്പി മഹേഷ് മേഘന്നവറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വാതിലിൽ മുട്ടിയിട്ട് പത്ത് മിനിറ്റിലേറെ സമയമെടുത്താണ് ജൂനിയർ എൻജിനീയർ വാതിൽ തുറന്നത്. ഈ സമയം കൊണ്ട്‌ കണക്കില്‍ പെടാത്ത പണം വീടിന് ചുറ്റും എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തിൽ നിന്നാണ് തിരച്ചിൽ നടത്തിയത്.

അന്വേഷണത്തെ തുടർന്ന് ജൂനിയര്‍ എന്‍ജിനീയറുടെ വീടിനുള്ളിലെ പിവിസി പൈപ്പ് മുറിക്കാന്‍ പ്ലംബറെ വിളിച്ചു വരുത്തുകയായിരുന്നു. പൈപ്പ് തുറന്നപ്പോൾ അതിനുള്ളില്‍ നിറച്ച പണവും സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു.