മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ കിട്ടാതെ ജനം വലഞ്ഞു

Health Keralam News

തിരുവനന്തപുരം/ കോഴിക്കോട് : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷമാണ്. രോഗികളുടെ നീണ്ട നിരയാണ് പലയിടത്തും. മെഡിക്കൽ കോളേജ് ഒപികളിൽ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണുള്ളത്. ഒപികളിൽ തിരക്ക് വന്നതോടെ ശസ്ത്രക്രിയകൾ പലതും മാറ്റിവച്ചു. രോഗികളെ പലരെയും ആശുപത്രിയിൽ നിന്ന് പറഞ്ഞയക്കുന്ന സ്ഥിതിയാണ് വന്നത് .

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ മുതിർന്ന ഡോക്ടർമാർ മാത്രമാണ് രോഗികളെ നോക്കുന്നത്. ഒപിയിൽ എത്തിയ രോഗികൾ ചികിത്സ കിട്ടാതെ തിരിച്ച് പോയി. എന്നിട്ടും മെഡിക്കൽ കോളേജ് ഒപിയിൽ വൻ തിരക്കാണ്. നിശ്ചയിച്ച ശസ്ത്രക്രിയകൾ പലതും മാറ്റേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത് .

മെഡിക്കൽ കോളേജുകളിൽ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഒരു മാറ്റമുണ്ടാവുന്നില്ലന്നാണ് ഡോക്ടർമാർ കർശനമായി പറയുന്നത് . ഇതേ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പ്രതികരണം ഇനി സർക്കാരിൽ നിന്ന് ഒന്നും ചെയ്യാനില്ലെന്നാണ്. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്.

സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയാണ്. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്. പിജി ഡോക്ടർമാരുടെ സമരത്തിനിടെ ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിജി ഡോക്ടർമാരുമായി ഇനി ചർച്ച നടത്തുന്ന പ്രശ്നമേ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ തന്നെയാണ് പിജി ഡോക്ടേഴ്സ് അസോസിയേഷന്‍റെ തീരുമാനവും.

ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്.സി., എഫ്.എച്ച്.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട് – ഇതാണ് വീണാ ജോർജിന്‍റെ പ്രതികരണം. എന്നാൽ ഈ ഉറപ്പുകൾ തന്നെയാണ് കഴി‍‌ഞ്ഞ കുറച്ചുകാലമായി സർക്കാർ പറയുന്നതെന്നും വാക്കാലുളള ഉറപ്പുകളല്ലാതെ മറ്റൊന്നും നൽകുന്നില്ലെന്നും പിജി ഡോക്ടർമാർ അടക്കമുള്ളവർ പറയുന്നു.