മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത് വിവാഹമോതിരവും രേഖകളും;ഉടമക്ക് തിരിച്ചു നല്‍കി ഹരിതകര്‍മ്മ സേന

Keralam News

കോഴിക്കോട്: മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയ വിവാഹ മോതിരവും രേഖകളും ഉടമയ്ക്ക് തിരിച്ചു നല്‍കി കോഴിക്കോട് മുക്കത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. തിരുവമ്പാടി സ്വദേശി രേഖയ്ക്കാണ് രണ്ടുമാസം മുന്നേ ബസ് യാത്രയ്ക്കിടെ നഷ്ടമായതൊക്കെയും അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്.

മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വര്‍ണതിളക്കം ഹരിതകർമ്മസേനയിലെ ലിജിനയുടെ കണ്ണില്‍പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് 6 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷൻ കാര്‍ഡ് എന്നിവ കണ്ടെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡിലൂടെ ഉടമയെ മനസിലാക്കാനും ബന്ധപ്പെടാനും പറ്റുകയും ചെയ്തു.

രണ്ട് മാസം മുന്‍പ് ഒരു ബസ് യാത്രക്കിടെ നഷ്ടപ്പെട്ട പഴ്സ് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും രേഖയ്ക്ക് കണ്ടെത്താനായില്ല.. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹരിത സേനാംഗങ്ങളില്‍നിന്നും രേഖ സാധനങ്ങള്‍ കൈപ്പറ്റി.