ആന്ധ്രാപ്രദേശിൽ പ്രളയം തുടരുന്നു

India News

ബം​ഗളൂരു: ആന്ധ്രയിലെ പ്രളയം തുടരുന്നു. തിരുപ്പതി,കഡപ്പ,ചിറ്റൂർ എന്നിവിടങ്ങളിൽ മഴ വീണ്ടും ശക്തമായി. മഴക്കെടുതിയിൽ ഇതുവരെ 49 പേർക്ക് ജീവൻ നഷ്ടമായി.

പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന മേഖലകളൊക്കെ വെള്ളത്തിലാണ്. ഒഴുക്കിൽ പെട്ട് അമ്പതോളം പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേദനിയുള്ള തിരച്ചിലും തുടരുകയാണ്.

തിരുപ്പതി ക്ഷേത്ര പരിസരത്തും വെള്ളപ്പൊക്കം ദുരിതം വിതക്കുകയാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകർ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതുകൊണ്ട് പലയിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് തിരിച്ചുപോവാനാവാത്ത അവസ്ഥയാണ്.

ദേശീയപാതകളിലും വെള്ളം മൂടിയത് കൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് മഴ ശക്തമാകുന്നത്. പരമാവധി സംഭരണ ശേഷി എത്തിയതോടെ അണക്കെട്ടുകളിൽ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

വ്യോമസേനയും നാവികസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.