മുനവ്വറലി തങ്ങളുടെ നന്മ ജിഹാദ്; ജീവിതം തിരിച്ചു പിടിക്കാൻ ഒരു ഹൈന്ദവ കുടുംബം

Feature Keralam News

ഒരു ഹൈന്ദവ കുടുംബത്തെ പ്രതിസന്ധിയിൽ നിന്ന് സഹായിക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തിയ ഇടപെടലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. നന്മ ജിഹാദ് എന്ന പേരിലാണ് ഒരു വിഭാഗം ആളുകൾ ഈ വാർത്തയെ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും വിവാദമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തങ്ങളുടെ ഇടപെടലിന് കൂടുതൽ പ്രസക്തിയുണ്ട്.

പാലായിലെ ബിന്ദു എന്ന വീട്ടമ്മയാണ് തന്റെ ദയനീയാവസ്ഥ മുനവ്വറലി ശിഹാബ് തങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. യുവതിയുടെ അഭ്യർത്ഥന പ്രകാരം നിരവധി ആളുകൾ മുനവ്വറലി ശിഹാബ് തങ്ങളുടെ മെസ്സഞ്ചറിലേക്കും വാട്സ് ആപ്പിലേക്കും ഈ മെസ്സേജ് ഫോർവേഡ് ചെയ്യുകയും തിരക്കുകളൊഴിഞ്ഞ് കാര്യം ശ്രദ്ധയിൽപ്പെട്ട അദ്ദേഹം പുലർച്ചെ ഒരു മണിയോടെ സ്വന്തം ഫേസ്ബുക്ക് പേജിൽ ബിന്ദുവിന്റെ അവസ്ഥ പോസ്റ്റ് ഇടുകയും ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ് ഏറ്റെടുത്ത സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന പണം അപ്പോൾ തന്നെ ആ കുടുംബത്തിന് അയച്ചു കൊടുക്കുകയും അതിന്റെ സ്ക്രീൻഷോട്ട് കമെന്റ് ബോക്സിൽ ഇടുകയും ചെയ്തു. പ്രവാസികളും നാട്ടുകാരുമെല്ലാം ഒരുമിച്ച് കൈകോർത്തപ്പോൾ തന്റെ ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.

ഹാർട്ടിനും കിഡ്നിക്കും വയ്യാത്ത ആളാണ് ബിന്ദുവിന്റെ ഭർത്താവ്. ദിവസവും 500 – 600 രൂപ കച്ചവടം കിട്ടുന്ന ചെറിയ ഹോട്ടൽ നടത്തിയാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്.
ആളുകളിൽ നിന്ന് കടം വാങ്ങിച്ചും ബാങ്കിൽ നിന്ന് ലോണെടുത്തുമാണ് ഇത്രയും നാൾ ചികിത്സ നടത്തിയത്. ഇപ്പോൾ കിട്ടുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് രണ്ടു ദിവസം മുന്നേ ബാങ്കുകാർ വീട്ടിൽ വന്ന് ജപ്തി നോട്ടീസ് ഒട്ടിച്ചത്. അഞ്ചു ലക്ഷമാണ് ബാങ്കിൽ അടക്കേണ്ടത്. തീർത്തും നിസ്സഹായമായ അവസ്ഥയിലാണ് രണ്ട് വിദ്യാർത്ഥിനീകൾ ഉൾപ്പെടുന്ന ഈ കുടുംബം . ഗർഭാശയ രോഗമുള്ള ബിന്ദുവിന്റെ ഓപ്പറേഷൻ നടത്താനും കയ്യിൽ പണമില്ല. ജപ്തി കൂടിയായപ്പോൾ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തീരുമാനത്തിൽ ബിന്ദുവിന് എത്തേണ്ടി വന്നു.

അവസാന ശ്രമമായിട്ടാണ് തന്റെ ദുരവസ്ഥയെക്കുറിച്ച് ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ചാരിറ്റി പ്രവർത്തകരിലും ഏതെങ്കിലും ഓൺലൈൻ ചാനലുകളിലും പ്രതീക്ഷയർപ്പിച്ചാണ് ബിന്ദു തന്റെ പെൺമക്കളിൽ ഒരാളുടെ ബാങ്ക് ഡീറ്റയിൽസ് സഹിതം സഹായം തേടിയത്. ദൈവം തന്ന ജീവൻ കളയാൻ ആഗ്രഹമുണ്ടായിട്ടല്ല, മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നാണ് ബിന്ദു പറയുന്നത്.

പാണക്കാട് മുനവ്വർ അലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരുടെയെങ്കിലും ശ്രദ്ധയിലോ തങ്ങളുടെ കാര്യം അറിയിക്കണമെന്ന ബിന്ദുവിന്റെ അഭ്യർത്ഥനയാണ് ഒടുവിൽ വെളിച്ചം കണ്ടത്. വർഗ്ഗീയതയും വിദ്വേഷവും പടർത്തുന്ന ഇക്കാലത്തും നന്മയുടെ ജിഹാദ് ബാക്കിയാവുന്നുണ്ട് എന്നത് വല്ലാത്തൊരു പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്.