പച്ചക്കറിക്ക് തീവില ; രണ്ടാഴ്ചക്കിടെ വില ഇരട്ടിയായി

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാഴ്‌ചക്കിടെ പച്ചക്കറികളുടെ വില ഇരട്ടിയായി. തമിഴ്നാട്ടിൽ തു‌ടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി. ഒരു കിലോ തക്കാളിക്ക് 50 രൂപ, ഉരുളക്കിഴങ്ങിന് 40 , സവാളയ്ക്ക് 50 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിലവാരം. വെണ്ടയുടെ വില 70ഉം മുരിങ്ങയ്ക്ക് 100ഉം കഴിഞ്ഞ് കുതിക്കുന്നു. കാബേജ്, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കൂടി.

ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവയ്ക്കും വില കൂടി. ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപയായിരുന്നെങ്കിൽ ഇപ്പോള്‍ 1900 രൂപയിലെത്തി. ഇന്ധനവിലയും പാചകവാതക വിലയും കുത്തനെ ഉയർന്നതിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുതിച്ചുയുരന്നത് സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.