ദീപാവലി ആഘോഷിക്കാനായി സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചു; അച്ഛനും മകനും ദാരുണമായി കൊല്ലപ്പെട്ടു

India News

ചെന്നൈ: പുതുച്ചേരിയില്‍ ദീപാവലി ആഘോഷിക്കാനായി സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (32), മകന്‍ പ്രദീഷ് (7) എന്നിവരാണ് ദാരുണമായി മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് അപകടം നടന്നത്. ഭാര്യ വീട്ടില്‍ നിന്നും മകനേയും കൂട്ടി സ്വന്തം വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അപകടം. രണ്ട് സഞ്ചികളായി സ്‌കൂട്ടറിന്റെ വശത്ത് പടക്കങ്ങൾ തൂക്കി ഇട്ടിരിക്കുകയായിരുന്നു. എന്നാല്‍ യാത്രയ്‌ക്കിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. അച്ഛനും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ആ സമയത്ത് സമീപത്തുണ്ടായവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മര്‍) പ്രവേശിപ്പിച്ചു.

പടക്കത്തിന് ചൂട് പിടിച്ച്‌ പൊട്ടിത്തെറിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു