ക്ലാസ്സിൽ കയറാതെ ആനയെ കാണാൻ പോയി ; അധ്യാപകർ വീട്ടിൽ അറിയിക്കുമെന്ന ഭയത്തിൽ നാടുവിടാൻ ശ്രമിച്ച് കുട്ടികൾ – സംഭവം നടന്നത് തൊടുപുഴയിൽ

Education Keralam News

തൊടുപുഴ: ക്ലാസില്‍ കയറാതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ വഴക്കു പറഞ്ഞതിന്റെ പേരില്‍ നാടുവിടാന്‍ ശ്രമിച്ച്‌ വിദ്യാര്‍ഥികള്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താൻ പൊലീസിനായത്. ഇടുക്കി കരിമണ്ണൂരിലെ തൊമ്മന്‍കുത്ത് സ്വദേശികളായ പതിനാലുകാരായ പ്രണവ്, ആദിദേവ് എന്നിവരാണ്, ക്ലാസില്‍ പോകാതിരുന്നതിന് രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുമെന്ന ഭയത്തിൽ നാടുവിടാന്‍ ശ്രമിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസ്സിലേക്ക് വരാതെ സമീപപ്രദേശത്തുണ്ടായിരുന്ന ആനയെ കാണാന്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ അധ്യാപകൻ വഴക്കുപറയുകയും വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കുട്ടികള്‍ കൂട്ടുകാരന്റെ വീട്ടില്‍ ബാഗ് ഏല്‍പ്പിച്ച്‌ പോവുകയായിരുന്നു.

മൊബൈൽ ഫോൺ കയ്യിലുണ്ടായിരുന്ന കുട്ടികളിലൊരാൾ സുഹൃത്തിന്റെ പൊഹോണിലേക്ക് മെസ്സേജ് അയക്കുകയും ചെയ്തു. വിവരമറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതുകൊണ്ട് നാടുവിടുകയുമാണെന്നാണ് അയച്ചത്. കൂടെത്തന്നെ സുഹൃത്തിന്റെ വീട്ടില്‍ എല്‍പ്പിച്ച നോട്ടുബുക്കില്‍ കത്തും എഴുതിവെച്ചിരുന്നു.

കാണാതായ കുട്ടികളെ പോലീസും വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരഞ്ഞെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഒടുവില്‍ ഇന്നാണ് കോതമംഗലത്തിനടുത്ത് കോടനാട് വെച്ച് കുട്ടികളെ കണ്ടെത്തിയത്.