നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

Crime Keralam News

കൊച്ചി : നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ അറസ്റ്റിലായി. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രതി ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.

ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അങ്കമാലിയിൽ നിന്നും ഓട്ടോയോട് വിളിച്ച് ദിലീപിനെ കാണാനെത്തിയ വിമലിനെ അകത്തേക്ക് പ്രവേശിക്കാന്‍ സെക്യൂരിറ്റിക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കുകയും പിന്നീട് ഗേറ്റ് ചാടിക്കടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി വീട്ടുകാരെ അസഭ്യം പറയുകയും ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു.

നാട്ടുകാര്‍ എത്തിയപ്പോഴേക്കും വിമൽ അതേ ഓട്ടോയില്‍ തന്നെ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഓട്ടോ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീര്‍, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്ബാല്‍, സി.പി.ഒ.മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്‌ ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.