കൂട്ടിക്കലിന് സഹായവുമായി മമ്മൂട്ടി

Keralam News

കോട്ടയം : ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ പ്രദേശത്ത് മമ്മൂട്ടിയുടെ സഹായ ഹസ്തം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് ദുരിതത്തിലായവർക്ക് കൈത്താങ്ങായി എത്തിയത്. ദുരിത മേഖലയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ മൊബൈല്‍ ഫോണ്‍ നൽകും.

മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി ഒരത്തിലിന്റ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കൂട്ടിക്കലിലെത്തി മെഡിക്കല്‍ ക്യാമ്പ് നടത്തി. ആധുനിക മെഡിക്കൽ ഉപകരണങ്ങളുമായി എത്തിയ ഇവർ മരുന്നുകളും സൗജന്യമായി നൽകി.

പത്ത് കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ഉപയോഗിക്കാന്‍ നൂറ് ജലസംഭരണികളും എത്തിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി നിരവധി നിത്യോപയോഗ വസ്തുക്കൾ ഉള്‍പ്പെടുന്ന കിറ്റുകളും വിതരണത്തിനെത്തിച്ചിട്ടുണ്ട്.

ദുരന്തത്തിന് പിറ്റേന്ന് രാവിലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് പറഞ്ഞയച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ആവശ്യമുള്ളവർക്ക് സഹായങ്ങള്‍ എത്തിക്കുന്നത്.