സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഭാഗം വൻശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു കുഴിയിൽപ്പെട്ട സ്കൂട്ടർ നാട്ടുകാർ കെട്ടിവലിച്ചു പുറത്തെടുത്തു

Keralam Local News

കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് സ്‌കൂട്ടർ നിർത്തിയിട്ട സ്ഥലം പൊടുന്നനെ വൻശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഇ.എസ്.എം കോലാനി സിലോൺ മുക്ക് ഇനായത്തിൽ ശൈലജയുടെ വീട്ടിലാണ് ഭൂചലനം പോലെയുള്ള പ്രതിഭാസം അനുഭവപ്പെട്ടത്.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴ പെയ്തിരുന്നു. വീടിന്റെ മുൻഭാഗത്ത് ഷീറ്റിട്ട് മേഞ്ഞ പാർക്കിങ് സ്ഥലമാണ് കിണറിന്റെ ആകൃതിയിൽ ഇടിഞ്ഞു താഴ്ന്നുപോയത്. കുഴിലാക്കപ്പെട്ട സ്കൂട്ടർ നാട്ടുകാർ ചേർന്ന് കെട്ടിവലിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് മുന്‍പു കുഴിയെടുത്തിരുന്നതു മൂടിയിരുന്നതായി ആര്‍ക്കും അറിവില്ല. ഇടിഞ്ഞു താഴ്ന്ന സ്ഥലത്തിനു സമീപത്തേക്കും വിള്ളലുള്ളതുകൊണ്ട് വീട്ടുകാരും സമീപവാസികളും ആശങ്കയിലാണ്.