പാടത്തുനിന്ന് കിട്ടിയ രാജവെമ്പാലയെ കഴുത്തിൽച്ചുറ്റി പ്രദർശിപ്പിച്ച കർഷകൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു

India News

ഗുവാഹത്തി : പാടത്ത് പണിയെടുക്കുന്നതിനിടെ പിടികൂടിയ രാജവെമ്പാലയെ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് അറുപതുകാരന് മരണം. അസമിലെ ധേലെ രാജ്നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലെ രഘുനന്ദന്‍ ഭൂമിജിനാണ് ദാരുണമരണം സംഭവിച്ചത്.

പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് കർഷകന് കടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാടത്തു പാമ്പിനെ കണ്ട ഉടനെ പിടികൂടിയ രഘുനന്ദനൻ കഴുത്തിലിട്ട് നടക്കുകയും പ്രദേശവാസികളെല്ലാം ആ കാഴ്ച കാണാന്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. കർഷകൻ പാമ്പിന്റെ തലയില്‍ കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചിരിക്കുന്നതിനാൽ തന്നെ രക്ഷപ്പെടാന്‍ പാമ്പ് പല തവണ ശ്രമം നടത്തിനോക്കുന്നുണ്ടായിരുന്നു. കൂടി നിന്നവരില്‍ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു.

ആളുകള്‍ കൂടിയതോടെ ഭൂമിജിന്റെ ശ്രദ്ധ തെറ്റുകയും പാമ്പിന്റെ മേലുള്ള പിടി അയയുകയും ശരീരത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പാമ്പ് അയാളെ കടിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .