സാരി ധരിച്ചെത്തിയ യുവതിയെ വിലക്കിയ റസ്റ്ററന്‍റിന്​ ലൈസന്‍സില്ലെന്ന്​ കണ്ടെത്തി

India News

ന്യൂഡൽഹി : സാരി ധരിച്ചതുകൊണ്ട് യുവതിയെ അകത്തേക്ക് കയറ്റാൻ വിസമ്മതിച്ച അക്വില റസ്റ്ററന്റിന് ലൈസൻസില്ലെന്ന് കണ്ടെത്തി. സൗത്ത് ദൽഹി മുൻസിപ്പൽ കോർപറേഷൻ റസ്റ്ററന്റിന് നോട്ടീസ് അയക്കുകയും റസ്റ്ററന്റ് വൃത്തിഹീനമായാണ് കാണപ്പെട്ടതെന്ന് ആരോപിക്കുകയും ചെയ്തു. വിവാദത്തിലായ റസ്റ്ററന്‍റ്​ താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്​തമാക്കിയിട്ടുണ്ട്.

സാരി ധരിച്ചെത്തിയ യുവതിക്ക്​ പ്രവേശനം നിഷേധിച്ചതോടെയാണ്​ ഡല്‍ഹിയിലെ ആൻഡ്‌റൂസ് ഗഞ്ചിലെ അൻസാർ പ്ലാസയിലെ അക്വില റസ്റ്ററന്‍റ്​ വിവാദത്തിലായത്​. ​ തനിക്ക്​ അക്വിലയില്‍ പ്രവേശനം നിഷേധിച്ചുവെന്നും ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ആരോപിച്ച്‌ വിഡിയോയിലൂടെയാണ് യുവതി​ രംഗത്തെത്തിയത്​.

ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്​ റസ്റ്ററന്‍റിന്​ മതിയായ രേഖകളില്ലെന്ന്​ കണ്ടെത്തിയത്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ റസ്റ്ററന്‍റ്​ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുമെന്നും കോര്‍പറേഷന്‍ താക്കീത് നൽകി.