വീട്ടിൽ മതപ്രഭാഷണം നടത്തി ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ ;എസ്‌.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

India News Religion

ലഖ്‌നൗ : വീട്ടിൽ മുസ്ലിം മതപ്രഭാഷണം നടത്തിയ മുതിർന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. ഉത്തർപ്രദേശിലാണ് സംഭവം. യു.പി ട്രാൻസ്‌പോർട് കോർപ്പറേഷൻ എം.ഡി മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ ഐഎഎസിനെയാണ് ഹിന്ദുത്വരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് വിധേയമാക്കിയത്. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ പ്രഭാഷണം നടത്തിയെന്നാണ് പരാതി. സംഭവത്തെ വളരെ ഗൗരവമായി സമീപിക്കുമെന്ന് യു.പി ഉപ മുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു.

അന്വേഷണ സംഘത്തിൽ രണ്ട് അംഗങ്ങളാണുള്ളത്. റിപ്പോർട് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ മേധാവി സിബി സിഐഡി ഡയറക്ടര്‍ ജനറല്‍ ജി എല്‍ മീണയാണ് . കാന്‍പൂര്‍ എഡിജി ഭാനു ഭാസ്‌കറാണ് രണ്ടാമത്തെ അംഗം.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ തിങ്കളാഴ്ച വൈകീട്ട് കാന്‍പൂര്‍ പോലിസ് കമ്മീഷണര്‍ അസിം കുമാര്‍ അരുണ്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനു പിന്നാലെ എസ്‌ഐടി അന്വേഷണം കൂടി പ്രഖ്യാക്കുകയായിരുന്നു.

മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ വീട്ടിൽ മതപ്രഭാഷണം നടത്തുന്നതിന്റെ വീഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായിപ്രചരിപ്പിക്കുന്നുണ്ട്. മഠമന്ദിര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പതിനഞ്ചോളം ഇസ്‌ലാം മത വിശ്വാസികളോട് മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. മത തത്വങ്ങളെ കുറിച്ചാണ് പ്രസംഗം.