ലീഗിനെ വിമർശിച്ച് പോസ്റ്റിട്ടു; ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ സൈബർ ആക്രമണം

Keralam News Politics

കോഴിക്കോട്: രാഷ്ട്രീയം അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം. മുസ്ലിം ലീഗിന്റെ അണികളാണെന്നു പറയുന്നവരാണ് ആക്രമണം നടത്തുന്നത്. മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ മിനാ പോസ്റ്റ് ചെയ്ത എഴുത്തിനു താഴെയാണ് അധിക്ഷേപം.

ഫാറൂഖ് കോളേജ് ചെയർപേഴ്‌സണായിരുന്ന മിനാ ജലീൽ ഹരിത വിഭാഗത്തിന്റെ സെക്രട്ടറി കൂടെയായിരുന്നു. അധിക്ഷേപമാണ് ഉണ്ടായതെന്നും ഹരിതയിലെ നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നും അവർ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതിക്ഷേപം നടത്തിയത് ഹരിതയിലെ തന്നെ ഒരു നേതാവിന്റെ ഭർത്താവായിട്ടും അവർ പ്രതികരിച്ചില്ല. തങ്ങളെ ലൈംഗിക തൊഴിലാളികൾ എന്നുവരെ ആക്ഷേപിച്ചതായി മിനാ പറയുന്നുണ്ട്.

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് ലീഗ് അണികൾ ഇട്ടിരിക്കുന്നത്. ഈ പദവിയിലിരിക്കാൻ എന്ത് യോഗ്യതയാണ് ഇവർക്ക് ഉണ്ടായിരുന്നതെന്നും ആദ്യം തന്നെ പുറത്താക്കണമായിരുന്നും തുടങ്ങി നിരവധി മോശം കമന്റുകളും പോസ്റ്റിനു താഴെയുണ്ട്. മിനാ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ചില ആളുകൾ കുറ്റപ്പെടുത്തുന്നുണ്ട്. കമന്റുകളിൽ ലീഗിലുള്ള അഭിപ്രായ വ്യത്യസം കൃത്യമായി കാണിച്ചു തരുന്നുണ്ട്. എന്നാൽ ഇതിനിടെ ഹരിത നേതാക്കൾ ഇന്നലെ ക്ലബ് ഹൗസിൽ പൊതു ചർച്ച നടത്തി അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു.